വിദേശകാര്യ വിഷയങ്ങളിൽ ഇടപെടരുത്; കേരളത്തിന് താക്കീതുമായി കേന്ദ്രം
Thursday, July 25, 2024 5:57 PM IST
ന്യൂഡൽഹി: കെ. വാസുകിയെ വിദേശ സഹകരണത്തിന് നിയമിച്ച കേരള സർക്കാർ നടപടിക്കെതിരെ കേന്ദ്രം. വിദേശകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയമാണെന്നും ഭരണഘടനാപരമായ അധികാരപരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
വിദേശ കാര്യങ്ങളും ഏതെങ്കിലും വിദേശ രാജ്യവുമായുള്ള ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്ര ഗവൺമെന്റിന്റെ മാത്രം അവകാശമാണെന്ന് ഇന്ത്യൻ ഭരണഘടന ഏഴാം ഷെഡ്യൂൾ ലിസ്റ്റ് ഒന്നിൽ വ്യക്തമാക്കുന്നുണ്ട്.
ഇത് ഒരു കൺകറന്റ് വിഷയമല്ല. ഒരു സംസ്ഥാന വിഷയവുമല്ല. ഭരണഘടനാപരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്നാണ് നിലപാട് എന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.
വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ കെ. വാസുകിക്ക് നൽകി ജൂലൈ 15 നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.
വിദേശകാര്യമന്ത്രാലയം, എംബസികള്‍, വിദേശമിഷനുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വാസുകിയെ ഡല്‍ഹി റസിഡന്റ് കമ്മീഷണര്‍ സഹായിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.