വിജയസ്മരണയിൽ രാജ്യം; നരേന്ദ്ര മോദി ഇന്ന് കാർഗിലിലെത്തും
Friday, July 26, 2024 4:39 AM IST
ന്യൂഡൽഹി : യുദ്ധ വിജയത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാർഗിലിലെത്തും. രാവിലെ 9.20 ഓടെ കാർഗിൽ യുദ്ധ സ്മാരകം സന്ദർശിക്കുന്ന പ്രധാനമന്ത്രി വീരമൃത്യു വരിച്ച സൈനികർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും.
ഷിങ്കുൻ - ലാ തുരങ്ക പദ്ധതിക്കും പ്രധാനമന്ത്രി തുടക്കമിടും. തുരങ്കം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കമായി ഇതു മാറും. ഷിങ്കുൻ - ലാ തുരങ്കം ഇന്ത്യൻ സായുധ സേനകളുടെയും ഉപകരണങ്ങളുടെയും വേഗത്തിലുള്ള നീക്കം ഉറപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു.
നിമ്മു - പദും - ദാർച്ച റോഡിൽ ഏകദേശം 15,800 അടി ഉയരത്തിൽ 4.1 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴൽ തുരങ്കം ഉൾപ്പെടുന്നതാണ് പദ്ധതി. ലഡാക്കിലെ സാമ്പത്തിക-സാമൂഹ്യ വികസനം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.