ഇടുക്കി വള്ളക്കടവിൽ പുലിയിറങ്ങി; ആടുകളെ ആക്രമിച്ചു
Monday, July 29, 2024 1:57 PM IST
ഇടുക്കി: അയ്യപ്പന്‍കോവില്‍ ചപ്പാത്ത് വള്ളക്കടവ് പുതുവലില്‍ പുലിയിറങ്ങി. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് മേഖലയില്‍ പുലി എത്തിയത്. പ്രദേശവാസിയുടെ വീട്ടിലെ സിസിടിവിയില്‍ നിന്നു പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചു.
നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി. വള്ളക്കടവ് ഹെലിബറിയ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിക്ക് സമീപത്ത് ഓട്ടോ ഡ്രൈവറായ ബിജുവാണ് പുലിയെ ആദ്യം കണ്ടത്. പിന്നീട് ഹെലിബറിയ സ്വദേശി ഫിലിപ്പോസിന്റെ രണ്ട് ആടുകളെ പുലി ആക്രമിച്ചു. ഇവിടെയുള്ള സിസിടിവിയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.
ഏതാനും മാസം മുമ്പും കരിങ്കുന്നത്തും തൊടുപുഴ നഗരസഭ പരിധിയിലും പുലിയിറങ്ങിയിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഇവിടെ കൂടു സ്ഥാപിച്ചെങ്കിലും പുലിയെ കുടുക്കാനായില്ല. ഏതാനും നാളുകളായി ഇവിടെ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.