"പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പം': ഉരുൾപൊട്ടലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
Tuesday, July 30, 2024 11:54 AM IST
ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുന്നതായും അദ്ദേഹം അറിയിച്ചു.
വയനാടിന്റെ ചില ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കുമൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർക്കായി പ്രാർഥിക്കുന്നു. ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുകയും അവിടെ നിലവിലുള്ള സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തുവെന്നും പ്രധാനമന്ത്രി എക്സിൽ അറിയിച്ചു.
അതേസമയം, വയനാട് ഉരുൾപൊട്ടലില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും അതീവ ദുഃഖം രേഖപ്പെടുത്തി.യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്നും രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിന് എൻഡിആർഎഫ് രണ്ടാം സംഘം കേരളത്തിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.