ചാഞ്ചാടി വീണ്ടും താഴേക്ക്; സ്വർണവില 160 രൂപ കുറഞ്ഞു
Tuesday, July 30, 2024 1:48 PM IST
കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനൊടുവിൽ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 50,560 രൂപയിലും ഗ്രാമിന് 6,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണവില തിങ്കളാഴ്ച വീണ്ടും ഉണർന്നിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും താഴേക്കുപോയത്.
ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വില വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം കഴിഞ്ഞ ദിവസം വരെ കുറഞ്ഞത്. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില ഉയരാന്‍ തുടങ്ങിയത്. ശനിയാഴ്ച 200 രൂപയാണ് കൂടിയത്.
ബജറ്റ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് സ്വര്‍ണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. എന്നാൽ, ബജറ്റില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കി കുറച്ച പ്രഖ്യാപനം ഉണ്ടായി മണിക്കൂറുകൾക്കകം പവന് 2,000 രൂപയുടെ ഇടിവാണുണ്ടായത്. സ്വർണം ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയുമാണു കുറഞ്ഞത്.
മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില പിന്നീട് കഴിഞ്ഞ മാസം ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തുകയും പിന്നീട് വീണ്ടും 53,000 രൂപ കടക്കുകയുമായിരുന്നു.
പവന് 53,000 രൂപ എന്ന നിരക്കിലാണ് ഈമാസം ആദ്യം സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ആറിന് 54,120 രൂപയിലെത്തിയ സ്വർണം മാസത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർണവില പത്തിന് 53,680 രൂപയിലേക്കെത്തി. തുടർന്ന് 12ന് വീണ്ടും 54,000 കടന്ന സ്വർണമാണ് ഒരാഴ്ച കൊണ്ട് 51,000 രൂപയിൽ താഴെയെത്തിയത്.