തിരുവനന്തപുരം മെഡിക്കൽ കോളജിൽ ലിഫ്റ്റ് വീണ്ടും പണിമുടക്കി ; ഇത്തവണ കുടുങ്ങിയത് ആറുപേർ
Tuesday, July 30, 2024 5:16 PM IST
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ലിഫ്റ്റ് വീണ്ടും പണിമുടക്കി. ലിഫ്റ്റ് ഓപ്പറേറ്ററും രോഗിയും ഒപ്പമുണ്ടായിരുന്നവരും ഉള്‍പ്പെടെ ആറ് പേരാണ് കുടുങ്ങിയത്. ഒന്നര മണിക്കൂറിന് ശേഷമാണ് ഇവരെ പുറത്തിറങ്ങാൻ കഴിഞ്ഞത്.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് ലിഫ്റ്റ് കമ്പനിയിലെ ജീവനക്കാരെത്തിയാണ് കുടുങ്ങിയവരെ പുറത്തെടുത്തത്. ആശുപത്രിയിൽ സ്ഥാപിച്ച പുതിയ ലിഫ്റ്റിലാണ് തകരാർ സംഭവിച്ചത്.
ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗികള്‍ കുരുങ്ങുന്നത്. ലിഫ്റ്റിൽ ആളുകൾ കുടുങ്ങുന്നത് നിത്യ സംഭവമായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.