കൂട്ടാർ ഇരട്ട കൊലപാതകം: പ്രതിക്ക് ജീവപര്യന്തം
Wednesday, July 31, 2024 4:42 PM IST
തൊടുപുഴ: കൂട്ടാർ ഇരട്ട കൊലപാതക കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. മൈലാടിയിൽ വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന സുജിനെയാണ് (32) കോടതി ശിക്ഷിച്ചത്. ഭാര്യാ മാതാവിനെയും ഭാര്യയുടെ ജ്യേഷ്ടത്തിയെയും കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ജസ്റ്റീസ് പി.എൻ. സീത ശിക്ഷ വിധിച്ചത്.
കൂട്ടാർ ചേലമൂട് പുത്തൻവീട്ടിൽ ഓമന (52) മകൾ ബീന (28) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കൊലപാതകം ചെയ്യുകയെന്ന ഉദ്ദേശത്തോടെയുള്ള ഭവനഭേദനം എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.
ഐപിസി 302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവും, ഐപിസി 449 വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.
2017 മാർച്ച് 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുമായി പിണങ്ങി സ്വന്തം വീട്ടിലേയ്ക്ക് പോയ ഭാര്യയെ ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെ വൈകുന്നേരം അഞ്ചോടെ സുജിൻ ഭാര്യ വീട്ടിലെത്തി.
ഇയാളെ കണ്ട് ഭാര്യ മുറിക്കുള്ളിൽ കയറി കതകടച്ചു. അക്രമാസക്തനായ പ്രതി വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന് കതക് ചവിട്ടിത്തുറക്കുവാൻ ശ്രമിച്ചു. ഇതേത്തുടർന്ന് ഭാര്യാ മാതാവ് ഓമനയും പ്രതിയും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തർക്കത്തിനിടയിൽ പ്രതി കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ഓമനയുടെ നെഞ്ചിലും വയറിലും കുത്തി മാരകമായി പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഇതു കണ്ട് തടസം പിടിക്കാനെത്തിയ ബീനയെയും പ്രതി നെഞ്ചിൽ കുത്തി വീഴ്ത്തി. പരിക്കേറ്റ ഓമനയേയും ബീനയേയും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ഇരുവരും മരണപ്പെട്ടു. പ്രതിയുടെ സഹോദരനാണ് മരണപ്പെട്ട ബീനയെ വിവാഹം ചെയ്തിരുന്നത്. ഇയാളും പിന്നീട് മരണപ്പെട്ടു.
നെടുങ്കണ്ടം സർക്കിൾ ഇൻസ്പെക്ടറായിരുന്ന റെജി.എം.കുന്നിപ്പറമ്പനാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.