"വിലങ്ങാടിന്റെ വിലാപം'; ഉരുള്‍പൊട്ടലില്‍ കാണാതായ അധ്യാപകന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
Thursday, August 1, 2024 1:09 PM IST
കോഴിക്കോട്: വിലങ്ങാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ റിട്ടയേര്‍ഡ് അധ്യാപകന് കുളത്തിങ്കല്‍ മാത്യുവിന്റെ (മത്തായി, 60) മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ ചൊത്തുള്ളപ്പൊയ്യിലില് പുഴയോരത്ത് മരങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ലോഡിംഗ് തൊഴിലാളികളും റസ്ക്യൂ ടീമും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രിയാണ് കോഴിക്കോടിന്റെ വടക്കന്‍ മേഖലയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂര്‍, പന്നിയേരി മേഖലകളില്‍ തുടര്‍ച്ചായി ഒമ്പതു തവണ ഉരുള്‍പൊട്ടി. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലില്‍ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു.
തീരത്തെ 12 വീടുകള്‍ ഒലിച്ചു പോയി. നിരവധി വാഹനങ്ങളും തകര്‍ന്നിരുന്നു. ഉരുള്‍പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാന്‍ ഇറങ്ങിയതായിരുന്നു മാത്യു. ഷൈനിയാണ് ഭാര്യ. അഖില്‍ മാത്യു, അജില്‍ മാത്യു എന്നിവര്‍ മക്കളാണ്.