കേരളതീരത്ത് ന്യൂനമർദ പാത്തി; ഇന്നും നാളെയും മഴ കനക്കും
Friday, August 2, 2024 11:05 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശനിയാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യുനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്.
കൂടാതെ, അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നേരത്തെ പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.