വിജയത്തിനരികെ ഇന്ത്യ വീണു ; ആദ്യ ഏകദിനം സമനിലയിൽ
Friday, August 2, 2024 10:42 PM IST
കൊളംബോ: ഇന്ത്യ- ശ്രീലങ്ക ഏകദിന പരന്പരയിലെ ആദ്യ മത്സരം സമനിലയിൽ. സ്കോർ: ശ്രീലങ്ക 230/8, ഇന്ത്യ 230/10(47.5). ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 230 റൺസ് നേടി.
മറുപടി ബാറ്റിംഗിൽ അതേ സ്കേറിനു തന്നെ ഇന്ത്യൻ താരങ്ങളെല്ലാം കൂടാരം കയറി. സ്കോര്‍ ടൈ ആയിരിക്കെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. 58 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
അക്സര്‍ പട്ടേല്‍ (33), കെ.എല്‍. രാഹുല്‍ (31) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലങ്കയ്ക്കായി വാനിന്ദു ഹസരങ്ക, ചരിത് അസലങ്ക എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ദുനിത് വെല്ലാലഗെ (67), പതും നിസ്സങ്ക (56) എന്നിവരുടെ ഇന്നിംഗ്സുകളാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് - ശുഭ്മാന്‍ ഗില്‍ (16) സഖ്യം 75 റണ്‍സ് ചേര്‍ത്തെങ്കിലും പിന്നീടു വന്ന വർക്ക് പിടിച്ചു നിൽക്കാനായില്ല.
തുടര്‍ന്ന് കെ.എല്‍.രാഹുല്‍ - അക്സര്‍ പട്ടേല്‍ സഖ്യം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഇന്ത്യയ്ക്കായി അക്ഷര്‍ പട്ടേലും അര്‍ഷ്ദീപ് സിംഗും രണ്ടും മുഹമ്മദ് സിറാജ്, ശിവം ദുബെ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
67 റൺസും രണ്ടു വിക്കറ്റുകളും വീഴ്ത്തിയ ദുനിത് വെല്ലലഗയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.