രക്ഷാദൗത്യം അന്തിമഘട്ടത്തില്‍,പുനരധിവാസത്തിന് പ്രത്യേക ടൗണ്‍ഷിപ്പ് നിര്‍മിക്കും: മുഖ്യമന്ത്രി
Saturday, August 3, 2024 12:37 PM IST
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മൃതദേഹം കണ്ടെത്താനുള്ള റഡാർ സംവിധാനം ഡല്‍ഹിയില്‍നിന്ന് ഉടന്‍ സ്ഥലത്തെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചാലിയാർ പുഴയിലുള്ള പരിശോധന തുടരും. ഇവിടെനിന്ന് ലഭിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വലിയ പ്രയാസമുണ്ട്.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് പ്രത്യേക ടൗണ്‍ഷിപ്പ് നിര്‍മിക്കും. ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്തും.
പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കും. ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായി നശിച്ചതിനാല്‍ ബദല്‍ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
215 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇതില്‍ 98 പുരുഷന്മാരും 87 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു. 146 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറി.
തിരിച്ചറിയാനാകാത്ത 68 മൃതദേഹങ്ങള്‍ പൊതുശ്മശാനത്തില്‍ സംസ്കരിക്കും. സര്‍വമത പ്രാര്‍ഥനയോടെയാണ് മൃതദേഹങ്ങള്‍ സംസ്കരിക്കുക.
93 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 10,042 പേരാണ്. 81 പേരാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ഇനി കണ്ടെത്താനുള്ളത് 206 പേരെയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.