ലൈഫ് പദ്ധതിക്ക് 350 കോടി അനുവദിച്ചു; 22500 പേര്‍ക്ക് പ്രയോജനമെന്ന് എം.ബി. രാജേഷ്
Sunday, August 4, 2024 4:26 PM IST
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിക്കായി 350 കോടി രൂപ അനുവദിച്ചതായി മന്ത്രി എം.ബി. രാജേഷ്. ഗ്രാമപഞ്ചായത്തുകളിലെ 22500 ലൈഫ് ഗുണഭോക്താക്കൾക്ക് വീട് നിർമാണത്തിന് നൽകുവാൻ ആവശ്യമായ വായ്പാ വിഹിതമാണ് അനുവദിച്ചത്.
നിലവിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെട്ട എല്ലാ ഗുണഭോക്താക്കൾക്കും ഇതിലൂടെ തുക നൽകാൻ സാധിക്കും. തിങ്കളാഴ്ച മുതൽ ഈ തുക വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്രയും വിപുലമായ ജനകീയ പാർപ്പിട പദ്ധതി ലോകത്ത് മറ്റെങ്ങുമില്ല. കേരളം രാജ്യത്തിന് സമ്മാനിക്കുന്ന മറ്റൊരു മാതൃകാ പദ്ധതിയായി ലൈഫ് മിഷൻ മാറിക്കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.
2026 ആകുമ്പോഴേക്കും അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അതിലേറെ വീടുകൾ പൂർത്തിയാകുമെന്നാണ് നിലവിലെ സ്ഥിതിയെന്നും അദ്ദേഹം വ്യക്തമാക്കി.