ഷേഖ് ഹസീന ഇന്ത്യയിലെത്തി
Monday, August 5, 2024 7:18 PM IST
ന്യൂഡൽഹി: ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യംവിട്ട ഷേഖ് ഹസീന ഇന്ത്യയിലെത്തി. സൈനിക ഹെലികോപ്റ്ററിൽ ഗാസിയാബാദിലെ ഹിൻഡൻ വ്യോമസേനത്താവളത്തിലാണ് ഷേഖ് ഹസീന വന്നിറങ്ങിയത്.
ഇന്ത്യൻ എയർഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേര്‍ന്ന് ഷേഖ് ഹസീനയെ സ്വീകരിച്ചു. ഡൽഹിയിൽനിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന.
നിലവിൽ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ വസതി കൈയടക്കിയെന്നാണ് വിവരം. ആയിരക്കണക്കിന് ആളുകൾ ബലം പ്രയോഗിച്ച് അകത്ത് കടക്കുകയായിരുന്നു.
ഭരണകക്ഷിയായ അവാമി ലീഗ് അനുയായികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 300 കടന്നു. ആഴ്ചകൾക്കു മുമ്പ് സർക്കാർ സർവീസിലെ ക്വാട്ട സമ്പ്രദായം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് വൻ പ്രക്ഷോഭമുണ്ടായിരുന്നു. 150 ലധികം പേർ അന്ന് കൊല്ലപ്പെട്ടിരുന്നു.
ഇവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ പ്രതിഷേധം. കലാപം തുടരുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ നിര്‍ദേശം നൽകിയിരുന്നു.