തിരുവനന്തപുരത്ത് നാലുപേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം; ജാഗ്രതാനിര്‍ദേശം
Tuesday, August 6, 2024 8:21 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലുപേര്‍ക്കും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിള്‍ ഫലം ഇന്ന് കിട്ടിയേക്കും. രോഗം സ്ഥിരീകരിച്ച നാല് പേര് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളാണ്.
കടുത്ത പനിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് കഴിഞ്ഞദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണറവിളയ്ക്കു സമീപത്തെ കാവിന്‍കുളത്തില്‍ കുളിച്ചതിനു ശേഷമാണ് ഇയാള്‍ക്ക് കടുത്ത പനി തുടങ്ങിയത്. ഇതേ കുളത്തില്‍ ഇറങ്ങിയവരാണ് മറ്റ് മൂന്നു പേരുമെന്നാണ് വിവരം.
ഈ കുളത്തില്‍ കുളിച്ച കണ്ണറവിള പൂതംകോട് സ്വദേശി അഖില്‍ (27) കഴിഞ്ഞ 23ന് ആണ് മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതിനു പിന്നാലെ കാവിന്‍കുളത്തില്‍ ഇറങ്ങുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് കുളത്തിലെ വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്