മുല്ലപ്പെരിയാർ ലോക്സഭയിൽ; ഡാം ഡീകമ്മിഷൻ ചെയ്യണമെന്ന് ഡീൻ കുര്യാക്കോസ്, അടിയന്തര പ്രമേയത്തിന് നോട്ടീസ്
Wednesday, August 7, 2024 10:52 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ്. ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയത്.
മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ അപകടത്തിലാണെന്നും ലക്ഷകണക്കിന് ജനങ്ങൾക്ക് ഭീഷണിയുള്ള വിഷയം സഭ നിർത്തിവച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴക്കം ചെന്ന അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സർക്കാർ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ അണക്കെട്ട് പുനർ നിർമ്മിക്കണമെന്ന് ഹൈബി ഈഡൻ എംപിയും ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. അണക്കെട്ട് വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന് എംപി നേരത്തെ രാജ്യസഭയിൽ ആവശ്യമുന്നയിച്ചിരുന്നു.