എട്ടാംക്ലാസ് മുതൽ ഇനി ഓള് പാസ് ഇല്ല; വിജയിക്കാന്‍ മിനിമം മാര്‍ക്ക് വേണം
Wednesday, August 7, 2024 1:31 PM IST
തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഇനിമുതൽ ഓൾപാസ് ഉണ്ടാകില്ല. സംസ്ഥാന സിലബസില്‍ ഹൈസ്കൂൾ തലം മുതൽ എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് നിർബന്ധമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ആദ്യ ഘട്ടമായി എട്ടാം ക്ലാസിലാണ് തീരുമാനം നടപ്പിലാക്കുന്നത്. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മൂന്ന് അധ്യയന വർഷം കൊണ്ട് ഹൈസ്കൂൾ തലത്തിലെ എല്ലാ ക്ലാസുകളിലും സബജക്ട് മിനിമം നടപ്പാക്കാനാണ് തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവിന്റെ ശിപാർശ അംഗീകരിച്ചാണ് മന്ത്രിസഭായോഗത്തിലെ ഈ തീരുമാനം.
നിലവിൽ നിരന്തര മൂല്യനിർണയത്തിനും ഒപ്പം തന്നെ വിഷയങ്ങൾക്കും കൂടി 30 ശതമാനം മതി. അതുകൊണ്ട് തന്നെ എല്ലാവരും പാസാകുന്ന സാഹചര്യമാണുള്ളത്. ഇനി എഴുത്ത് പരീക്ഷയ്ക്ക് പുറമെ നിരന്തര മൂല്യനിര്‍ണയത്തിനും മിനിമം മാര്‍ക്ക് നിര്‍ബന്ധമാകും.
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചാണ് വിദ്യാഭ്യാസ കോണ്‍ക്ലേവ് നടന്നത്. ഇതിന്റെ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. ഓള് പാസ് നല്‍കുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നുവെന്ന് കോണ്‍ക്ലേവില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.