പ്രധാനമന്ത്രി വയനാട്ടിലേക്ക്
Wednesday, August 7, 2024 5:28 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ദുരന്തഭൂമി സന്ദർശിക്കും. ശനിയാഴ്ചാണ് മോദി വയനാട്ടിലെത്തുക. ദുരന്തമേഖലയും ക്യാന്പുകളും പ്രധാനമന്ത്രി സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയശേഷം ഹെലികോപ്റ്ററിൽ മോദി വയനാട്ടിലേക്ക് തിരിക്കും.
ദുരന്തമുണ്ടായ ഉടൻ തന്നെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രി വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രി എത്തുന്നതോടെ കേന്ദ്രത്തിന്റെ വലിയ സഹായം കേരളത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ പട്ടിക തയാറാക്കിയത്.
ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ചവരും ദുരന്തബാധിത പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരുമായ ആളുകളില്‍ ദുരന്തത്തിനുശേഷം കാണാതായ 138 പേരെ ഉള്‍പ്പെടുത്തിയുള്ളതാണ് പട്ടിക.