വാഹനാപകടമെന്ന് കരുതിയ സംഭവം കൊലപാതകം; അഞ്ചു പേർ പിടിയിൽ
Thursday, August 8, 2024 10:53 AM IST
കൊല്ലം: ആശ്രാമത്ത് മാസങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ വയോധികൻ മരിച്ചെന്ന് കരുതിയ സംഭവം കൊലപാതകം. പന്തളം കുടശനാട് സ്വദേശിയായ പാപ്പച്ചന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ വനിതയടക്കം അഞ്ചുപേർ പിടിയിലായി. കൊലപാതകത്തിന് ക്വട്ടേഷനെടുത്ത അനി, ഇയാളുടെ സുഹൃത്ത് മാഹീൻ, കാർ വാടകയ്ക്കെടുത്ത ഹാഷിഫ്, ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജർ സരിത, അക്കൗണ്ടന്റ് അനൂപ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മേയ് 23-നാണ് സംഭവം. സൈക്കിളിൽ പോവുകയായിരുന്ന പാപ്പച്ചനെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. 26ന് ഇയാൾ മരണത്തിന് കീഴടങ്ങി. പാപ്പച്ചന്റെ നിക്ഷേപത്തുക തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. 76 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം.
അപകടമരണമാണെന്ന് എഴുതി തള്ളിയ കേസാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ അന്വേഷണത്തെ തുടർന്ന് കൊലപാതകമാണെന്ന് തെളിഞ്ഞത്. ബിഎസ്എൻഎൽ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് മരിച്ച പാപ്പച്ചൻ.