എംസി റോഡിനു സമാന്തരമായി ഗ്രീൻഫീൽഡ് പാത; കേന്ദ്രത്തിന് പദ്ധതിയില്ലെന്ന് ഗഡ്കരി
സ്വന്തം ലേഖകൻ
Thursday, August 8, 2024 4:05 PM IST
കൊല്ലം: എംസി റോഡിന് സമാന്തരമായി ആറുവരി ഗ്രീൻഫീൽഡ് പാത നിലവിൽ നിർമിക്കാൻ കേന്ദ്ര സർക്കാരിനു പദ്ധതിയില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ലോകസഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ പാത 66 വികസിപ്പിക്കാൻ വലിയ സ്ഥലപരിമിതി ഉണ്ടായപ്പോഴാണ് ഇത്തരത്തിൽ എംസി റോഡിന് സമാന്തരമായി ഗ്രീൻഫീൽഡ് റോഡ് നിർമിക്കാനായുള്ള സാധ്യതകൾ ആരാഞ്ഞത്. എന്നാൽ സ്ഥലമെടുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതിനാൽ ഗ്രീൻഫീൽഡ് റോഡ് സംബന്ധിച്ച് തീരുമാനം കേന്ദ്ര സർക്കാർ എടുക്കുന്നില്ല എന്നും മന്ത്രിയുടെ മറുപടിയിൽ സൂചിപ്പിച്ചു.
ഇതോടെ ഗ്രീൻഫീൽഡ് ആറുവരി പാത നിർമാണം എന്ന ആശയം സമീപ ഭാവിയിലൊന്നും നടക്കില്ല എന്ന കാര്യം ഉറപ്പായി. ആലപ്പുഴ, കൊല്ലം ജില്ലകളിൽ വിവിധ പദ്ധതികൾക്ക് അനുമതി നൽകിയതായും മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
ദേശീയപാത 66 - ആലപ്പുഴ ജില്ലയിൽ അരൂർ തുറവൂർ സെക്ഷനിൽ 2,383 കോടി രൂപ ചെലവിൽ ആറു വരി എലിവേറ്റഡ് ഹൈവേ പദ്ധതി എൻജിനിയറിംഗ്, പ്രോക്യൂർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ മാതൃകയിൽ നിർമാണം. ദേശീയപാത 66 (പഴയ എൻഎച്ച് 47) തുറവൂർ തെക്ക്-പറവൂർ സെക്ഷൻ ആറുവരി പാത 2,639 കോടി രൂപ ചെലവിൽ നിർമാണം.
ദേശീയ പാത 66 (പഴയ എൻഎച്ച് 47) പറവൂർ - കൊട്ടുകുളങ്ങര 3,176 കോടി രൂപ ചെലവിൽ ആറുവരി പാത നിർമാണം. ദേശീയപാത 66 (പഴയ എൻഎച്ച് 47) കൊട്ടുകുളങ്ങര മുതൽ കൊല്ലം ബൈപാസിന്റെ തുടക്കഭാഗം വരെ ആറുവരി പാത 3,351 കോടി രൂപ ചെലവിൽ ഹൈബ്രിഡ് ആന്യൂവിറ്റി മാതൃകയിൽ നിർമാണം. ദേശീയപാത 66 (പഴയ എൻഎച്ച് 47) കൊല്ലം ബൈപാസിന്റെ തുടക്കഭാഗം മുതൽ കടമ്പാട്ടുകോണം വരെ 3,082 കോടി രൂപ ചെലവിൽ ആറുവരി പാത ഹൈബ്രിഡ് ആന്യൂവിറ്റി മാതൃകയിൽ നിർമാണം.
ദേശീയപാത നിർമാണം ഒരു തുടർ പദ്ധതി ആണെന്നും കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിൽ നിന്നും ദേശീയപാത പ്രഖ്യാപനത്തിനും നവീകരണത്തിനും വികസനത്തിനും വേണ്ട നിവേദനങ്ങൾ, പദ്ധതികൾ എല്ലാം ഗതാഗത മന്ത്രാലയത്തിന് ലഭിക്കാറുണ്ടെന്നും മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കി.
ഫണ്ടുകളുടെ ലഭ്യത, മുൻഗണന, പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനുമായുള്ള സംയോജനം എന്നിങ്ങനെ അനവധി ഘടകങ്ങൾ മന്ത്രാലയം പരിശോധിക്കാറുണ്ടെന്നും കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നു.