വയനാട് ദുരന്തം: ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും
Friday, August 9, 2024 10:47 AM IST
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ജസ്റ്റീസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം. ശ്യാംകുമാർ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടും.
ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് മാധ്യമവാര്‍ത്തകളുടെയും ഹൈക്കോടതിക്കു ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് ഡിവിഷന് ബെഞ്ച് സ്വമേധയാ കേസെടുത്തത്. പ്രകൃതിദുരന്തങ്ങള്‍ തടയാന്‍ സമഗ്രമായ പരിഷ്കാരങ്ങളും നിയമനിര്‍മാണവും നടത്തണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
പ്രകൃതിദുരന്തം തടയാനുള്ള കാര്യങ്ങള്‍ ആലോചിക്കണമെന്ന് അഡ്വക്കറ്റ് ജനറലിനെ വിളിച്ചുവരുത്തി കോടതി നിര്‍ദേശം നല്കി. വയനാട് ജില്ലയിലെ മുപ്പയ്നാട് പഞ്ചായത്തില്‍ ക്വാറിക്ക് അനുമതി നിഷേധിച്ച പഞ്ചായത്തിന്റെ നടപടി റദ്ദാക്കിയ സിഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ പഞ്ചായത്തിന്റെയും പൗരസമിതിയുടെയും അടക്കമുള്ള അപ്പീലുകള്‍ പരിഗണിക്കവേയാണ് ഉരുള്‍പൊട്ടലില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
മഴയെയും പ്രകൃതിയെയും പിടിച്ചുനിര്‍ത്താന്‍ മനുഷ്യനു കഴിയില്ല. മൈനിംഗ്, പ്രളയം അടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ നിയമപരമായി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കണം. കേരളത്തിന്റെ ചില പ്രദേശങ്ങള്‍ പരിസ്ഥിതിലോല മേഖലകളാണ്. ഇവിടെ സുസ്ഥിര വികസനമടക്കം സാധ്യമാണോയെന്ന കാര്യത്തില്‍ പുനര്‍വിചിന്തനം അനിവാര്യമായ ഘട്ടമാണിതെന്നും ഡിവിഷന് ബെഞ്ച് ഓര്‍മിപ്പിച്ചു.
ഇനിയും പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിയമനിര്‍മാണ സഭയും എക്സിക്യൂട്ടീവും ജുഡീഷറിയും കൂട്ടായി ആലോചിച്ചു തീരുമാനമെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.