ദീപിക-ടാൽറോപ് കളർ ഇന്ത്യയ്ക്ക് വിദ്യാലയങ്ങൾ ഒരുങ്ങി
Friday, August 9, 2024 9:39 PM IST
കൊച്ചി: ഭാരത സ്വാതന്ത്ര്യത്തിന്റെ 77-ാം വാര്‍ഷികത്തോടനുബന്ധിച്ചു ദീപിക സംഘടിപ്പിക്കുന്ന "കളര്‍ ഇന്ത്യ പെയിന്റിംഗ് മത്സരം സീസണ് 3' യ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് 12 നും 23നുമായി സംസ്ഥാനത്തെ അയ്യായിരത്തിലധികം സ്കൂളുകളിലായി നടക്കുന്ന മത്സരത്തിൽ ഏഴു ലക്ഷം വിദ്യാർഥികൾ അഖണ്ഡഭാരതത്തിന്റെ സ്നേഹവരകള്ക്കു നിറംകൊടുക്കും.
വിദ്യാഭ്യാസരംഗത്തെ പ്രമുഖരായ ടാൽറോപ് ആണു "കളര്‍ ഇന്ത്യ സീസണ് 3' യുടെ മുഖ്യ സ്പോൺസർ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ 12നും കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിൽ 23നുമാണു കളർ ഇന്ത്യ പെയിന്റിംഗ് മത്സരം നടക്കുക.
രാജ്യത്തു സ്കൂൾ തലത്തിൽ നടക്കുന്ന ഏറ്റവും വലിയ പെയിന്റിംഗ് മത്സരം കൂടിയാണു കളർ ഇന്ത്യ. കെജി, എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായാണു മത്സരം. പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മികച്ച ചിത്രങ്ങൾക്കു സ്കൂള്‍, ജില്ല, സംസ്ഥാന തലങ്ങളില്‍ ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. 70 ശതമാനത്തിലധികം വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകള്‍ക്കും സമ്മാനങ്ങളുണ്ട്.
സൗത്ത് ഇന്ത്യന്‍ ബാങ്ക്, അഡോറ ജ്വല്ലേഴ്സ്, ആര്‍ക്കൈസ് സ്റ്റഡി എബ്രോഡ്, വെരാന്‍ഡ റേസ് കോച്ചിംഗ് സെന്റര്‍ എന്നിവർ അസോ. സ്പോണ്സര്മാര്മാരാണ്.
"ഒരേയൊരിന്ത്യ, ഒരൊറ്റ ജനത, നാം ഒരു കുടുംബം'
എന്ന വിശാലമായ മാനവിക ദര്ശനത്തിലൂന്നിയാണു ദീപിക കളര്‍ ഇന്ത്യ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നത്. നാമെല്ലാം സഹോദരങ്ങളെന്ന പൊതുബോധം പുതിയ തലമുറയിൽ രൂപപ്പെടുത്തുന്നതിനും വളർത്തുന്നതിനുമായി സംഘടിപ്പിക്കുന്ന കളറിംഗ് മത്സരം, കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയുടെ നിറപ്പകിട്ടുള്ള ആഘോഷംകൂടിയാണ്.
ജന്മനാടിനോടുള്ള സ്നേഹവും അഖണ്ഡതാബോധവും പുതിയ തലമുറയില്‍ സജീവസ്പന്ദനമാകണമെന്നതാണു, മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപിക "കളര്‍ ഇന്ത്യ'യിലൂടെ ലക്ഷ്യമാക്കുന്നത്.