അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപം; സെബി ചെയർപേഴ്സണെതിരെ ഹിൻഡൻബെർഗ്
Saturday, August 10, 2024 11:21 PM IST
ന്യൂഡൽഹി: സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ചെയർപഴ്സന്‍ മാധവി പുരി ബുച്ചിനെതിരെ വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പിന്റെ രഹസ്യവിദേശ സ്ഥാപനങ്ങളുമായി മാധവി ബുച്ചിനും ഭർത്താവിനും ബന്ധമുണ്ടെന്നാണ് ഹിൻഡൻബർഗ് ആരോപണം.
അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ ഇവർക്ക് നിക്ഷേപമുണ്ടെന്നും യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിഡൻബർഗ് വെളിപ്പെടുത്തുന്നു. മാധവി ബുച്ചിനും ഭർത്താവിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നാണ് ആരോപണം.
അദാനി ഗ്രൂപ്പിന് വിദേശ രാജ്യങ്ങളിൽ രഹസ്യനിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ സെബി ക്ലീൻ ചിറ്റ് നൽകി. 2024 ജൂൺ 27ന് ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടിസും നൽകി.
ഇതിനുപിന്നാലെയാണ് ഹിൻഡൻബർഗ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിനു പിന്നിൽ ഈ ബന്ധമാണെന്നും ഹിൻഡൻബർഗ് ആരോപിക്കുന്നു.
അദാനി ഗ്രൂപ്പ് വലിയ തോതിൽ കൃത്രിമം നടത്തിയെന്നും ഗ്രൂപ്പിന്റെ കീഴിലുള്ള ഏഴു കന്പനികളുടെ മൂല്യം പെരുപ്പിച്ചു കാണിച്ചുവെന്നുമുള്ള 2023ലെ റിപ്പോർട്ടിനെ തുടർന്ന് കന്പനിയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു.
മൗറിഷ്യസ്, യുഎഇ, കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ അദാനി കുടുംബവുമായി ബന്ധപ്പെട്ട വ്യാജ (ഷെൽ) കന്പനികൾ വഴിയാണ് വിപണിയിൽ അദാനി കന്പനികൾ കൃത്രിമം നടത്തിയതെന്നായിരുന്നു ഹിൻഡൻബർഗിന്റെ കണ്ടെത്തൽ.