അനന്തനാഗിനു പിന്നാലെ കിഷ്ത്വറിലും ഏറ്റുമുട്ടൽ; പ്രദേശം വളഞ്ഞ് സൈന്യം
Sunday, August 11, 2024 1:26 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ കിഷ്ത്വറിലും സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇവിടെ രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പ്രദേശം സൈന്യം പൂർണമായി വളഞ്ഞു.
അനന്തനാഗിലും ഏറ്റുമുട്ടൽ തുടരുകയാണ്. കോക്കർനാഗ് മേഖലയിലെ അഹ്ലാൻ ഗാഗർമന്ദു വനമേഖലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. ശനിയാഴ്ച അനന്ത്നാഗിൽ വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഹവീൽദാർ ദീപക് കുമാർ യാദവ്, ലാൻസ് നായിക് പ്രവീൺ ശർമ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടു നാട്ടുകാരും മരിച്ചു.
ഡോഡ മേഖലയിൽ കഴിഞ്ഞ മാസം സൈന്യത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരാണ് അനന്തനാഗിൽ ഒളിച്ചിരിക്കുന്നത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പ്രദേശം വളഞ്ഞ് സൈന്യം പരിശോധന നടത്തുന്പോൾ വനത്തിൽ ഒളിഞ്ഞിരുന്ന സംഘം ആക്രമണം തുടങ്ങുകയായിരുന്നു. പാരാ കമാൻഡോകളും പോലീസും ഉൾപ്പെടെ സംയുക്തസംഘത്തെയാണു പ്രദേശത്ത് വിന്യസിച്ചിരുന്നത്.