ഹിൻഡൻ ബർഗ് റിപ്പോര്‍ട്ട് തള്ളി സെബി
Sunday, August 11, 2024 9:35 PM IST
ന്യൂഡൽഹി: അദാനിക്ക് പങ്കാളിത്തമുള്ള നിഴല്‍ കമ്പനികളില്‍ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിന് നിക്ഷേപമുണ്ടെന്ന ഹിൻഡൻ ബർഗ് കണ്ടെത്തൽ വിവാദമായതോടെ വിശദീകരണവുമായി സെബി.
അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് സെബി വ്യക്തമാക്കി. 24 ആക്ഷേപങ്ങളിൽ ഇരുപത്തിമൂന്നും അന്വേഷിച്ചു. ഒന്നിലെ നടപടി കൂടി ഉടൻ പൂർത്തിയാക്കും. അന്വേഷണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന് നോട്ടീസ് നൽകുകയും മൊഴിയെടുക്കുകയും ചെയ്തു.
ചെയർപേഴ്സൺ മാധബി പുരി ബുച്ചി അവർക്കെതിരായ ആക്ഷേപം നിഷേധിച്ച് കഴിഞ്ഞെന്നും സെബി കൂട്ടിച്ചേര്‍ത്തു. അദാനിക്ക് പങ്കാളിത്തമുള്ള നിഴല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിന് നിക്ഷേപമുണ്ടായിരുന്നുവെന്ന ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ കോളിളക്കം തുടരുകയാണ്.
മാധവി ബുച്ചിനും ഭർത്താവിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻ ബർഗ് ആരോപണം. എന്നാൽ അദാനി ഗ്രൂപ്പുമായി ചെയർപേഴ്സനും ഭർത്താവിനും ബന്ധമില്ലെന്നും സെബി കൂട്ടിച്ചേർത്തു.