രാഹുലിനെതിരായ മാനനഷ്ടക്കേസ് ഇന്നു പരിഗണിക്കും
Monday, August 12, 2024 7:49 AM IST
ലക്നോ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊലക്കേസിൽ പ്രതിയാണെന്ന പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസാണ് പരിഗണിക്കുന്നത്.
കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു രാഹുലിന്റെ വാദം. ഇന്ന് പരാതിക്കാരുടെ വാദമാകും കോടതി കേൾക്കുക.
2018ൽ ബംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ അമിത് ഷായെ കൊലക്കേസ് പ്രതി എന്ന് വിളിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രാദേശിക നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.