അന്വേഷണത്തെ നേരിടാന്‍ തയാറാകുമോ?; സെബി മേധാവിയെ വെല്ലുവിളിച്ച് ഹിന്‍ഡന്‍ബര്‍ഗ്
Monday, August 12, 2024 10:08 AM IST
ന്യൂഡൽഹി: സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ചെയർപഴ്സന്‍ മാധവി പുരി ബുച്ചിനെ വെല്ലുവിളിച്ച് ഹിൻഡൻബർഗ്. മാധവി ബുച്ചിന്റെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറാകുമോ എന്ന് ഹിൻഡൻബർഗ് ചോദ്യം ഉന്നയിച്ചു.
സിംഗപ്പൂരും ഇന്ത്യയും ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടൻസി സ്ഥാപനങ്ങളുടെ അടക്കം വിവരങ്ങൾ പുറത്തുവിടുമോ എന്നാണ് ചോദ്യം. ഏത് അന്വേഷണത്തെയും നേരിടാന്‍ മാധവി തയാറാകുമോ, സെബി ഈ വിഷയങ്ങളില്‍ അന്വേഷണം നടത്തുമോ തുടങ്ങിയ ചോദ്യങ്ങളും ഹിൻഡൻബർഗ് ഉയർത്തി.
അതേസമയം ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിന്റെ തുടക്കം അദാനി എന്റർപ്രൈസസിന് തിരിച്ചടിയേറ്റു. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അദാനിയുടെ ഓഹരികൾ എല്ലാം നഷ്ടത്തിലാണ്.
അദാനി ഗ്രൂപ്പിന്റെ രഹസ്യവിദേശ സ്ഥാപനങ്ങളുമായി മാധവി ബുച്ചിനും ഭർത്താവിനും ബന്ധമുണ്ടെന്നാണ് ഹിൻഡൻബർഗിന്റെ പുതിയ ആരോപണം. അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ ഇവർക്ക് നിക്ഷേപമുണ്ടെന്നും ഹിഡൻബർഗ് വെളിപ്പെടുത്തി.
അദാനി ഗ്രൂപ്പിന് വിദേശ രാജ്യങ്ങളിൽ രഹസ്യനിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ സെബി ക്ലീൻ ചിറ്റ് നൽകി. 2024 ജൂൺ 27ന് ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടിസും നൽകി.
ഇതിനുപിന്നാലെയാണ് ഹിൻഡൻബർഗ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമാണെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു.