പി.വി. അൻവറിന് തിരിച്ചടി; കാട്ടരുവിയുടെ നീരൊഴുക്ക് തടസപ്പെടുത്തിയി നിർമിതികൾ പൊളിച്ചുനീക്കാൻ ഉത്തരവ്
Monday, August 12, 2024 3:32 PM IST
കോഴിക്കോട്: നിലമ്പുർ എംഎൽഎ പി.വി. അൻവറിന് തിരിച്ചടി. കോഴിക്കോട് കക്കാടംപൊയിലിൽ കാട്ടരുവിയുടെ ഒഴുക്ക് തടസപ്പെടുത്തി എംഎൽഎ നിർമിച്ച നിർമിതികൾ ഒരുമാസത്തിനകം പൊളിച്ചുനീക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി.
സ്വാഭാവികമായ നീർച്ചാലുകൾക്ക് കുറുകെ നിർമാണ പ്രവൃത്തികൾ നടത്തിയതും കാട്ടരുവിയുടെ സ്വതന്ത്രമായ ഒഴുക്കിന് തടസമുണ്ടാക്കിയതും ദുരന്തത്തിന് വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രണ്ട് തവണയായി നടത്തിയ തെളിവെടുപ്പിന് ശേഷമാണ് കളക്ടറുടെ ഉത്തരവ്. 2023ലെ കേരള ജലസേചന നിയമ പ്രകാരമാണ് പൊളിച്ച് നീക്കാനുള്ള ഉത്തരവ്.
ഒരുമാസത്തിനകം നിർമാണങ്ങൾ പൊളിച്ചുനീക്കി പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിച്ച് നീക്കണമെന്നും, അതിന്റെ ചിലവ് ഉടമസ്ഥരിൽ നിന്ന് ഈടാക്കണമെന്നും ഉത്തരവിലുണ്ട്.
അരുവിയുടെ ഒഴുക്ക് തടഞ്ഞ് നിർമിച്ച തടയണകൾ പൊളിച്ചുനീക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ പൊളിച്ചുനീക്കലിന്റെ മറവിൽ അരുവി നികത്തിയെന്ന് കാണിച്ച് ഗ്രീന്‍ മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ടി.വി. രാജനാണ് ഹൈക്കോടതിയെ സമീപിച്ചത്.