വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളുമെന്ന് കേരളാ ബാങ്ക്
Monday, August 12, 2024 3:57 PM IST
വയനാട്: ചൂരല്‍മല, മുണ്ടക്കൈ മേഖലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസം. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതി തള്ളുമെന്ന് കേരളാ ബാങ്ക് അധികൃതര്‍ അറിയിച്ചു.
മരണപ്പെട്ടവരുടെയും ഈട് നല്കിയ വീടും വസ്തുവകകളും നഷ്ടപെട്ടവരുടെയും മുഴുവന്‍ വായ്പയും എഴുതി തള്ളാനാണ് ബാങ്ക് ഭരണസമിതി യോഗത്തില്‍ തീരുമാനമായത്. എന്നാൽ എത്ര രൂപയുടെ ബാധ്യതകളാണ് എഴുതി തള്ളുന്നതെന്ന കാര്യം വ്യക്തമായിട്ടില്ല.
നേരത്തേ 50 ലക്ഷം രൂപ കേരളാ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് തീരുമാനിച്ചെന്നും കേരളാ ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.