സിനിമ സെറ്റും ശബ്ദസംവിധാനങ്ങളും; ഓൺലൈൻ തട്ടിപ്പു സംഘം ഉഷാർ, നഷ്ടമാകുന്നത് ലക്ഷങ്ങൾ
Monday, August 12, 2024 8:44 PM IST
ആലുവ: വീഡിയോ കോൾ വിശ്വസനീയമാക്കാൻ സിനിമാ സെറ്റും ശബ്ദസംവിധാനങ്ങളുമായി ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായി പോലീസ് മുന്നറിയിപ്പ്. പ്രഫഷണലുകൾ, വീട്ടമ്മമാർ തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിലും ഉള്ളവർ ഓൺലൈൻ കെണിയിലാകുന്നത് വർധിച്ചതോടെയാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്.
ഇരകളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ കോടതി മുറി, പോലീസ് സ്റ്റേഷൻ, ജയിൽ, സിബിഐ ഓഫീസ് തുടങ്ങിയ സെറ്റുകൾ ഒരുക്കി വീഡിയോ കോൾ നടത്തുകയാണെന്ന് പോലീസ് പറയുന്നു.
അപരിചതമായ നമ്പറുകളിൽനിന്ന് വരുന്ന വീഡിയോ, ഓഡിയോ കോളുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും പാക്കിസ്ഥാന്റെ +92 ൽ തുടങ്ങുന്ന വാട്സ്ആപ്പ് കോളുകളാണ് തട്ടിപ്പു സംഘങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതെന്നും പോലീസ് അറിയിച്ചു. ആപ്പുവഴി സൃഷ്ടിച്ച ഫോൺ നമ്പറുകളാകാനും സാധ്യത കാണുന്നുണ്ട്.
വാട്സ്ആപ്പ് ചിത്രം ഇട്ടിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച ഒരാളുടേതോ പ്രമുഖം അന്വേഷണ ഏജൻസികളുടേയോ എംബ്ലവുമാകാം. നിങ്ങളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി കോടികളുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്, സിം എടുത്ത് രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്, കൊറിയറിൽ മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട് തുടങ്ങി നിരവധി വ്യാജ കേസുകളാണ് തട്ടിപ്പു സംഘം പറയുന്നത്.