വന്ദേഭാരതിനായി പാലരുവി എക്സ്പ്രസ് പിടിച്ചിടുന്നു; പ്രതിഷേധവുമായി യാത്രക്കാർ
Monday, August 12, 2024 9:16 PM IST
കൊച്ചി: വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകാൻ പാലരുവി എക്സ്പ്രസ് ട്രെയിൻ മുളന്തുരത്തി റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിടുന്ന നടപടിക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം. എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനിലാണ് യാത്രക്കാർ പ്രതിഷേധവുമായി എത്തിയത്.
സംഭവത്തില്‍ സ്റ്റേഷൻ മാസ്റ്റർക്ക് യാത്രക്കാർ നിവേദനം നല്കി. രാവിലെ 8.25 എറണകുളം ടൗണിലെത്തുന്ന വന്ദേ ഭാരതിന് കടന്നുപോകാനായാണ് പാലരുവി എക്സ്പ്രസ് മുളന്തിരുത്തിയില് പിടിച്ചിടുന്നത്. 7.52 ന് മുളന്തുരുത്തിയില്‍ നിന്ന് പുറപ്പെടേണ്ട പാലരുവി പലപ്പോഴും അര മണിക്കൂറോളം വന്ദേ ഭാരത് കടന്നുപോകാനായി പിടിച്ചിടാറുണ്ട്.
പിന്നാലെയാണ് യാത്രക്കാർ പ്രതിഷേധവുമായി എത്തിയത്.കോളജ് വിദ്യാർഥികളും ജോലിക്കാരും സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് പാലരുവി എക്സ്പ്രസ്. കഴിഞ്ഞ കുറെ മാസങ്ങളായി വിഷയത്തില്‍ നടപടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.
കറുത്ത ബാഡ്ജ് ധരിച്ചെത്തിയാണ് എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാർ പ്രതിഷേധിച്ചത്. പാലരുവി എക്സ്പ്രസിനെ മുളന്തുരുത്തി സ്റ്റേഷനില്‍ പിടിച്ചിടുന്നതിന് പകരം തൃപ്പൂണിത്തുറയില്‍ പിടിച്ചിട്ടാല്‍ ജോലിക്ക് പോകേണ്ടവർക്ക് ഉപകാരപ്പെടുമെന്നാണ് യാത്രക്കാർ പറയുന്നത്.
കോട്ടയം വഴി എറണാകുളം ഭാഗത്തേയ്ക്കുള്ള യാത്രക്ലേശം രൂക്ഷമാവുകയാണെന്നും യാത്രക്കാർ പറഞ്ഞു.പാലരുവിക്കും വേണാടിനുമിടയില്‍ ഒന്നരമണിക്കൂർ ഇടവേളയുണ്ടെന്നും ഈ സമയം ഉപയോഗപ്പെടുത്തി ഒരു മെമുവോ പാസഞ്ചറോ അനുവദിക്കുകയാണെങ്കില്‍ യാത്ര പ്രശ്നത്തിന് പരിഹാരമാകുമെന്നും യാത്രക്കാർ പറയുന്നു.
യാത്രക്കാരുടെ എണ്ണം കൂടിയതോടെ പാലരുവിയിലെ യാത്ര പലപ്പോഴും ദുഷ്ക്കരമാണെന്നും ട്രെയിനില്‍ കൂടുതല്‍ കോച്ചുകള്‍ക്ക് അനുമതി ലഭിച്ചെങ്കിലും പാലരുവി എക്സ്പ്രസിലെ യാത്ര ക്ലേശം പരിഹരിക്കാൻ റെയില്‍ വേ താല്പര്യം കാണിക്കാത്തത് ഖേദകരമാണെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ലിയോണ്‍സ് ആരോപിച്ചു.