ഷിരൂര്‍ ദൗത്യം; തെരച്ചില്‍ ഇന്ന് പുനരാരംഭിക്കും
Monday, August 12, 2024 10:24 PM IST
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും. കാര്‍വാറിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഇന്ന് ഗംഗാവലി പുഴയിൽ നാവികസേന പരിശോധന നടത്തും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാര്‍ പരിശോധനയും നടത്തും. പുഴയിലെ ഒഴുക്ക് മനസിലാക്കാൻ തിങ്കളാഴ്ച വൈകുന്നേരം നാവിക സേന സംഘം ഗംഗാവലി പുഴയില്‍ പരിശോധന നടത്തിയിരുന്നു.
പുഴയിലെ അടിയൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ദൗത്യം പുനരാരംഭിക്കുന്നത്. നേവിയുടെ നേതൃത്വത്തില്‍ മാത്രമായിരിക്കും ഇന്നത്തെ പരിശോധന. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ച ദൗത്യമാണ് ഏറെ അനിശ്ചിതത്വങ്ങള്‍ക്കുശേഷം വീണ്ടും പുനരാരംഭിക്കുന്നത്.
ഉന്നതതല യോഗത്തിൽ ഉത്തര കന്നഡ ജില്ലാ കളക്ടര്‍, കാര്‍വാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.