രണ്ടു കണ്ണിലും ഗ്ലാസ് തറച്ചിരുന്നു; വനിതാ ഡോക്ടര്‍ നേരിട്ടത് അതിക്രൂരപീഡനമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
Tuesday, August 13, 2024 9:51 AM IST
കോല്‍ക്കത്ത: ആര്‍ജി കാര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിന് ശേഷമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിന് മുമ്പ് ഇരയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റിരുന്നു. പ്രതിരോധിക്കാനും സ്വയം സംരക്ഷിക്കാനും ശ്രമിച്ചപ്പോള്‍ പ്രതി ഇരയുടെ തല ചുമരില്‍ ഇടിച്ചിരുന്നു. ഇരയുടെ കൈകളിലും മുഖത്തും വെട്ടേറ്റ പാടുകള്‍ കണ്ടെത്തി.
വയറിലും കഴുത്തിലും വിരലിലുകളിലും മുറിവേറ്റിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായി. കണ്ണടപൊട്ടി രണ്ടു കണ്ണിലും ഗ്ലാസ് തറച്ചിരുന്നതായാണ് കണ്ടെത്തല്‍. മരണം പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വെള്ളിയാഴ്ചയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഞ്ജയ് റോയ് എന്ന സിവില്‍ വോളണ്ടിയര്‍ അറസ്റ്റിലായിരുന്നു. ശനിയാഴ്ച അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 23 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഇയാള്‍ അശ്ലീലത്തിന് അടിമയാണെന്നും അത്തരത്തിലുള്ള നിരവധി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായും പോലീസ് പറഞ്ഞു. നേരത്തെ നാല് തവണ വിവാഹിതനായ റോയി ഭാര്യമാരെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അതിനിടെ, വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ സംസ്ഥാനവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധം തുടരുകയാണ്. അന്വേഷണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേസ് സിബിഐക്ക് കൈമാറുമെന്ന് മമത വ്യക്തമാക്കിയിട്ടുണ്ട്.