മെഡിക്കൽ കോളജുകളിലെ സുരക്ഷ; മാർഗനിർദേശം പുറത്തിറക്കി
Tuesday, August 13, 2024 7:04 PM IST
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളജുകളിൽ ഡോക്ടർമാർ ഉൾപ്പടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. പശ്ചിമ ബംഗാളിൽ യുവഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി.
ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും അക്രമസംഭവങ്ങളിൽ കോളജ് അധികൃതർ അന്വേഷണം നടത്തണമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. അക്രമ സംഭവങ്ങൾ സംബന്ധിച്ച വിവരങ്ങൾ രണ്ട് ദിവസത്തിനകം ദേശീയ മെഡിക്കൽ കമ്മീഷന് റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്.
അധ്യാപകർ, വിദ്യാർഥികൾ, റസിഡന്റ് ഡോക്ടർമാർ എന്നിവർക്ക് സുരക്ഷിതമായി ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ഒപിഡി, ക്യാംപസ്, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി അടക്കം സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.