ത്രിപുരയിൽ വീണ്ടും താമരത്തരംഗം; ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി
Wednesday, August 14, 2024 1:30 PM IST
അഗർത്തല: ത്രിപുരയിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടം. ജില്ലാ കൗൺസിൽ, പഞ്ചായത്ത് സമിതി, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷം സീറ്റുകളും ബിജെപി വിജയിച്ചു.
എട്ട് ജില്ലാ കൗൺസിലിലേക്കുള്ള 116 സീറ്റുകളിൽ 113 ഇടത്തും ബിജെപി ജയിച്ചപ്പോൾ രണ്ടിടത്ത് കോൺഗ്രസും ഒരിടത്ത് സിപിഎമ്മും ജയിച്ചു. 35 പഞ്ചായത്തുകളിലേക്കുള്ള 423 സീറ്റുകളിൽ 405 ഇടത്തും ബിജെപി ജയിച്ചു. എട്ടിടത്ത് കോൺഗ്രസും ഏഴിടത്ത് സിപിഎമ്മും ഒരിടത്ത് സ്വതന്ത്രനും ജയിച്ചു.
606 ഗ്രാമപഞ്ചായത്തുകളിലേക്കായി 6,370 സീറ്റുകളിലേക്കായിരുന്നു മത്സരം. ഇതിൽ 5,945 സീറ്റുകളിൽ ബിജെപി ജയിച്ചു. 147 ഇടത്ത് കോൺഗ്രസും 150 ഇടത്ത് സിപിഎമ്മും 102 ഇടത്ത് ബിജെപിയുടെ സഖ്യകക്ഷിയായ തിപ്രമോത പാർട്ടിയും 20 സീറ്റിൽ സ്വതന്ത്രരും ജയിച്ചു.
ഓഗസ്റ്റ് എട്ടിനാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിന് മുമ്പുതന്നെ 70 ശതമാനത്തോളം സീറ്റുകള്‍ ബിജെപി എതിരില്ലാതെ ജയിച്ചിരുന്നു. 2019 ലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആകെ സീറ്റുകളിൽ 95 ശതമാനവും ബിജെപി പിടിച്ചെടുത്തിരുന്നു.