അന്വേഷണ റിപ്പോർട്ട് വരട്ടെ, ബാക്കി നോക്കാം: കാഫിർ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
Wednesday, August 14, 2024 3:49 PM IST
തിരുവനന്തപുരം: കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോസ്റ്റിനു പിന്നില്‍ സിപിഎം ഗ്രൂപ്പുകളാണോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് റിപ്പോര്‍ട്ട് പത്രത്തില്‍ കണ്ടു. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ, അതുലഭിച്ചശേഷം ബാക്കി നോക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാൻ പിണറായി വിജയൻ തയാറായില്ല.
വിവാദത്തിൽ പോലീസ് ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിലാണ് സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന് പറയുന്നത്.
പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍ എന്നീ ഫേസ്ബുക്ക് പേജുകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ് സ്കീന് ഷോട്ട് ലഭിച്ചത്. റെഡ് ബെറ്റാലിയനെന്ന ഗ്രൂപ്പില്‍ അമല്‍ രാമചന്ദ്രന് എന്ന ആളാണ് സന്ദേശമെത്തിച്ചത്.
ഇയാൾക്ക് സ്ക്രീന്‍ ഷോട്ട് ലഭിച്ചത് റെഡ് എന്‍കൗണ്ടേഴ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ്. റിബീഷ് രാമകൃഷ്ണന് എന്ന ആളാണ് സ്ക്രീന്‍ ഷോട്ട് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്. പോസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് റിബീഷ് വെളിപ്പെടുത്തിയില്ലെന്നും പോലീസ് പറയുന്നു.
റബീഷിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് വടകര എസ്എച്ച്ഒ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. 2024 ഏപ്രിൽ 25ന് ഉച്ചക്ക് 2.13ന് റെഡ് എൻകൗണ്ടർ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.