ബംഗാളിലെ ഡോക്ടറുടെ കൊലപാതകം: പ്രതിഷേധം അക്രമാസക്തം; ആശുപത്രി അടിച്ചുതകര്‍ത്തു
Thursday, August 15, 2024 8:44 AM IST
കോല്‍ക്കത്ത: ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലുണ്ടായ പ്രതിഷേധം അക്രമാസക്തമായി. ഒരു സംഘം മെഡിക്കല്‍ കോളജ് അടിച്ചുതകര്‍ത്തു.
അര്‍ധരാത്രിയോടെയാണ് നിരവധി പേര് ആശുപത്രി പരിസരത്ത് തമ്പടിച്ചത്. രാത്രികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കണം എന്ന ആവശ്യത്തില്‍ ഊന്നിയായിരുന്നു പ്രതിഷേധം. എമര്‍ജന്‍സി വാര്‍ഡ് പ്രതിഷേധക്കാര്‍ തകര്‍ത്തു. ഒരു ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ട് പോലീസ് വാഹനം തകര്‍ത്തു.
അതേസമയം, തെറ്റായ മാധ്യമപ്രചാരണമാണ് ഈ സാഹചര്യത്തിന് കാരണമെന്ന് കോല്‍ക്കത്ത പോലീസ് മേധാവി വിനീത് ഗോയല്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിജി ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വനിതാ ഡോക്ടറെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിന് ശേഷമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
മരണത്തിന് മുമ്പ് ഇരയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റിരുന്നു. വയറിലും കഴുത്തിലും വിരലിലുകളിലും മുറിവേറ്റിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായി. കണ്ണടപൊട്ടി രണ്ടു കണ്ണിലും ഗ്ലാസ് തറച്ചിരുന്നതായാണ് കണ്ടെത്തല്‍.
സംഭവവുമായി ബന്ധപ്പെട്ട് സഞ്ജയ് റോയ് എന്ന സിവില്‍ വോളണ്ടിയര്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ അശ്ലീലത്തിന് അടിമയാണെന്നും അത്തരത്തിലുള്ള നിരവധി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായും പോലീസ് പറഞ്ഞു. നേരത്തെ നാല് തവണ വിവാഹിതനായ റോയി ഭാര്യമാരെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നിലവില്‍ കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്. കല്‍ക്കട്ട ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് വൈസ് ചാന്‍സലര്‍മാരുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. സര്‍വകലാശാലകള്‍ വനിതാ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു.