ബംഗ്ലാദേശിലെ പ്രതിസന്ധി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നു: ചീഫ് ജസ്റ്റിസ്
Thursday, August 15, 2024 11:31 PM IST
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ പ്രതിസന്ധി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡി .വൈ. ചന്ദ്രചൂഡ്. സ്വാതന്ത്ര്യം, സ്വേച്ഛാധിപത്യത്തില്‍ നിന്നുള്ള മുക്തി എന്നിവയുടെ മഹിമയറിയാതെ പ്രവര്‍ത്തിക്കാന്‍ എളുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇവയുടെ മഹത്വമറിയാന്‍ പഴയ കഥകള്‍ ഓര്‍മയിലുണ്ടാകുന്നത് നല്ലതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വാതന്ത്ര്യദിനം പൗരനെന്ന നിലയില്‍ നമ്മുടെ കടമകളുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിൽ സംവരണ വിരുദ്ധ കലാപം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യംവിട്ടിരുന്നു. തുടർന്ന് ഇടക്കാല സര്‍ക്കാര്‍ തലവനായി മുഹമ്മദ് യൂനുസ് അധികാരമേറ്റു.