അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് മർദനം; അധ്യാപകനെ സസ്പെൻഡ് ചെയ്തു
Monday, August 19, 2024 12:07 AM IST
ബല്ലിയ: അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ മുടിയിൽ പിടിച്ചു വലിക്കുകയും കുട്ടിയെ ചവിട്ടി വീഴ്ത്തുകയും ചെയ്ത സർക്കാർ സ്കൂൾ അധ്യാപകനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. ബിസൗലി മേഖലയിലെ ഒരു പ്രൈമറി സ്കൂളിൽ ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. അജിത് യാദവ് എന്നയാൾക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്.
ഇയാൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ചതിനും കുട്ടിയെ ചവിട്ടിയെന്നുമാണ് ആരോപണമുള്ളതെന്നും ബല്ലിയ ജില്ലാ ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) മനീഷ് കുമാർ സിംഗ് പറഞ്ഞു.
പരാതി ലഭിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 13ന് ബൈരിയ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) അന്വേഷണം നടത്തി. സംഭവം കുട്ടിയുടെ ക്ലാസിലെ സഹപാഠികളും സ്ഥിരീകരിച്ചു.