"എന്തുവന്നാലും മിണ്ടണ്ട; സിനിമ നടക്കട്ടെ'
Tuesday, August 20, 2024 1:57 PM IST
തിരുവനന്തപുരം: തങ്ങൾക്കു നേരേ അതിക്രമങ്ങളുണ്ടായാലും മിണ്ടാതിരിക്കേണ്ട അവസ്ഥയാണ് സിനിമാ മേഖലയിലെ സ്ത്രീകൾക്കുള്ളതെന്ന് ജസ്റ്റീസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു സിനിമാ ലോക്കേഷനിൽ സംവിധായകനിൽനിന്ന് അതിക്രമം നേരിടേണ്ടി വന്ന സ്ത്രീ ആ വിവരം ലൊക്കേഷനിലുള്ള സുഹൃത്തുക്കളെ അറിയിച്ചപ്പോൾ തൽകാലം പുറത്തു പറയണ്ട, സിനിമ എങ്ങനെയെങ്കിലും പൂർത്തിയാകട്ടെ എന്ന ഉപദേശമാണത്രേ സുഹൃത്തുക്കൾ നൽകിയത്.
കഴിവതും എങ്ങനെയെങ്കിലും സഹിച്ചുനിന്ന് സിനിമ പൂർത്തിയാക്കാൻ നോക്ക് എന്നായിരുന്നു മറ്റൊരു ഉപദേശം. അതേസമയം സിനിമ പൂർത്തിയാക്കണമെന്ന ആഗ്രഹമൊന്നും പുരുഷ താരങ്ങൾക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സംവിധായകരോടും നിർമാതാക്കളോടും ഉടക്കി പ്രമുഖ താരങ്ങൾ പോലും ഷൂട്ടിംഗ് നിർത്തി ഇറങ്ങിപ്പോയ സംഭവമുണ്ടായിട്ടുണ്ട്. പക്ഷെ, സ്ത്രീകളുടെ കാര്യത്തിൽ മാത്രമാണ് ഇങ്ങനെയൊരു നിർബന്ധമെന്നും റിപ്പോർട്ടിൽ പറയുന്നു.
കട്ടിലിനരികിൽ ഒരാൾ
യാതൊരു സുരക്ഷയുമില്ലാത്ത ഒരു ഹോട്ടലിൽ ഒരു രാത്രി കഴിയേണ്ടി വന്ന അനുഭവം ചലച്ചിത്ര മേഖലയിലെ ഒരു സ്ത്രീ കമ്മീഷനോട് പങ്കുവച്ചിരുന്നു. മതിയായ വെളിച്ചമോ സുരക്ഷയോ സിസിടിവി കാമറകളോ ഇല്ലാത്ത ഒരു ലോഡ്ജിലാണ് ഷൂട്ടിംഗ് സമയത്ത് ഈ സ്ത്രീക്ക് താമസമൊരുക്കിയിരുന്നത്.
ഇത്തരമൊരു സ്ഥലത്ത് താമസിക്കാൻ സാധ്യമല്ലെന്ന് പറഞ്ഞിട്ടും അവർ പകരം സംവിധാനം ഒരുക്കിയില്ല. പാതിരാത്രി എന്തോ ശബ്ദം കേട്ട് സ്ത്രീ ഉണർന്നപ്പോൾ കട്ടിലിനരികിൽ ഒരാൾ നിൽക്കുന്നതാണ് കണ്ടത്. നിലവിളിച്ചു കൊണ്ട് യുവതി അടുത്ത മുറിയിലുണ്ടായിരുന്ന നായികയുടെ അസിസ്റ്റന്റിനു സമീപത്തേക്ക് ഓടി. പിറ്റേദിവസം പോലീസിൽ പരാതി നൽകിയിട്ടും പ്രത്യേകിച്ച് ഫലമുണ്ടായില്ല.
അതേസമയം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹോട്ടൽ പരിസരത്തേക്ക് പോലീസുകാരിൽ ചിലർ വന്നിരുന്നു. അതിനുശേഷം അവിടെയുണ്ടായിരുന്ന കാരവൻ ഡ്രൈവറെ പിന്നീട് കണ്ടിട്ടില്ലെന്നും യുവതി പറയുന്നു.
പരാതി പറയുന്ന സ്ത്രീകളെ മോശക്കാരാക്കി ചിത്രീകരിക്കുന്ന പ്രവണത ഉള്ളതിനാൽ മാനഹാനി ഭയന്ന് പല സ്ത്രീകളും ഇത്തരം കാര്യങ്ങൾ പുറത്തു പറയാറില്ലെന്ന് സീനിയറായ ഒരു നടി കമ്മീഷനോട് വ്യക്തമാക്കിയിരുന്നു.
സ്വകാര്യമായി കാണണം, ഇല്ലെങ്കിൽ...
തന്നെ സ്വകാര്യമായി കണ്ടില്ലെങ്കിൽ സിനിമയ്ക്കായി ഷൂട്ട് ചെയ്ത ഇന്റിമേറ്റ് രംഗങ്ങൾ പുറത്തുവിടുമെന്ന് ഒരു സംവിധായകൻ ഭീഷണിപ്പെടുത്തിയതായി ഒരു നടി വെളിപ്പെടുത്തിയെന്നും കമ്മീഷൻ പറയുന്നു. ഇന്റിമേറ്റ് രംഗം ഉണ്ടാകുമെന്നു സിനിമ ചര്‍ച്ച ചെയ്തപ്പോള്‍ സംവിധായകന് പറഞ്ഞിരുന്നുവെങ്കിലും അത് എന്താണെന്നോ എങ്ങനെയാണെന്നോ പറഞ്ഞിരുന്നില്ല.
പേടിക്കത്തക്ക വിധത്തിൽ ഒന്നുമില്ലെന്നും നടിക്ക് സമ്മതമുള്ള രംഗങ്ങൾ മാത്രമായിരിക്കുമെന്നുമായിരുന്നു മറുപടി. മൂന്ന് മാസക്കാലം ഷൂട്ടിംഗ് നടന്നു. ശരീരത്തിന്റെ പിന്‍ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള സീനും ലിപ്ലോക്ക് സീനും ചെയ്യേണ്ടിവന്നു.
പിന്നീടാണ് അടുത്ത ദിവസം നഗ്ന രംഗങ്ങളും ബാത്ത് ടബ് സീനും ചെയ്യേണ്ടി വരുമെന്ന് അറിഞ്ഞത്. അതുവരെ ജോലി ചെയ്ത ശന്പളം പോലും വാങ്ങാതെ നടി തിരിച്ചുപോയി. ഇതിനു പിന്നാലെ സംവിധായകന്റെ ഭീഷണി എത്തി. തന്നെ സ്വകാര്യമായി കൊച്ചിയില്‍ വന്നു കണ്ടില്ലെങ്കില്‍ ഷൂട്ട് ചെയ്ത ഇന്റിമേറ്റ് സീനുകള്‍ ഡിലീറ്റ് ചെയ്യില്ലെന്നായിരുന്നു ഭീഷണി.
ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തും
പുതുതലമുറയെ മാത്രമല്ല പഴയ തലമുറയിലെ വനിതാ ചലച്ചിത്രപ്രവർത്തകരെയും കമ്മീഷൻ കണ്ടിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിലും സ്ത്രീകൾക്കെതിരേ അതിക്രമങ്ങളുണ്ടായിരുന്നുവെന്ന് കമ്മീഷൻ പറയുന്നു. അക്കാലത്ത് ചലച്ചിത്ര മേഖലയ്ക്കുള്ളിൽ ഇത്തരം അതിക്രമങ്ങളെപ്പറ്റി പരാതി ബോധിപ്പിക്കാനുള്ള വേദികൾ കുറവായിരുന്നുവെന്നും കമ്മീഷൻ പറയുന്നു.