ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിയ സർക്കാർ ജനങ്ങളോട് മാപ്പ് പറയണം: സുരേന്ദ്രൻ
Tuesday, August 20, 2024 5:40 PM IST
കോഴിക്കോട്: ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിവച്ചതിന് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടത് സർക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
റിപ്പോർട്ടിൻമേൽ അടിയന്തരമായി നടപടി സ്വീകരിക്കാൻ സർക്കാർ തയാറാവണം. സിനിമാ സെറ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നിലപാടെടുക്കണം. ശുചിമുറികളും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും ഉറപ്പു വരുത്തണം.
ഇനിയെങ്കിലും വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നിലപാട് സർക്കാർ തിരുത്തണം. ഇരകളുടെ വിവരങ്ങൾ മറച്ചുവെക്കേണ്ടത് സർക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. എന്നാൽ അതിക്രമം നടത്തിയവരുടെ വിവരങ്ങൾ മറച്ചുവച്ചത് എന്തിന്റെ പേരിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.