കനത്ത മഴ; ത്രിപുരയിൽ 10 പേർ മരിച്ചു, 34,000ത്തിലധികം ആളുകൾ സുരക്ഷിത കേന്ദ്രങ്ങളിൽ
Thursday, August 22, 2024 5:05 AM IST
അഗർത്തല: കനത്ത മഴ തുടരുന്ന ത്രിപുരയിൽ ബുധനാഴ്ച 10 പേർ മരിക്കുകയും 34,000-ത്തിലധികം പേർ വീട് ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറുകയും ചെയ്തു.
6,600-ലധികം കുടുംബങ്ങളിലെ 34,000-ത്തിലധികം ആളുകൾ ഇതുവരെ എട്ട് ജില്ലകളിലായി ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ടെന്നും ആയിരത്തിലധികം വീടുകൾ വെള്ളപ്പൊക്കത്തിൽ തകർന്നതായും അധികൃതർ അറിയിച്ചു.
മുഖ്യമന്ത്രി മണിക് സാഹ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ച് സംസ്ഥാനത്തെ നിലവിലെ പ്രളയക്കെടുതിയെ കുറിച്ച് ധരിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ഉദ്യോഗസ്ഥരെ അധികമായി വിന്യസിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദക്ഷിണ ത്രിപുര, ഗോമതി, ഖോവായ് ജില്ലകളിൽ നിന്നാണ് 12കാരിയായ ഒരു പെൺകുട്ടി ഉൾപ്പെടെ 10 പേർ മരിച്ചത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ത്രിപുരയിൽ തുടർച്ചയായി പെയ്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മുങ്ങിമരണത്തിലും ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ ഒമ്പത് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ കൂട്ടിച്ചേർത്തു.
വടക്കുകിഴക്കൻ അതിർത്തി റെയിൽവേ (എൻഎഫ്ആർ) ത്രിപുരയിൽ 10 ലോക്കൽ ട്രെയിനുകൾ റദ്ദാക്കി. കനത്ത മഴയെത്തുടർന്ന് ഗോമതി ജില്ലയിൽ റെയിൽവേ ട്രാക്കുകൾ തകരാറിലായതിനാലാണ് ഈ ട്രെയിനുകൾ റദ്ദാക്കിയതെന്ന് റെയിൽവേ അതോറിറ്റി അറിയിച്ചു.