ബിലാന്ദ്പുർ പീഡനം; പ്രതിയുടെ വീട് അടിച്ചു തകർത്തു
Thursday, August 22, 2024 5:19 AM IST
മുംബൈ: മഹാരാഷ്ട്രയിലെ ബദ്ലാപൂരിലെ നഴ്സറി സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീട് അടിച്ചുതകർത്തു. തകർന്ന സീലിംഗ് ഫാനും പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും എല്ലായിടത്തും ചിതറിക്കിടക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.
സ്കൂളിലെ തൂപ്പുകാരൻ അക്ഷയ് ഷിൻഡെയുടെ വീടാണ് ഒരു സംഘമാളുകൾ തകർത്തത്. ഓഗസ്റ്റ് 16-ന് മൂന്നും നാലും വയസുള്ള വിദ്യാർഥിനികളെ പീഡിപ്പിച്ച പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 26 വരെ ഇയാൾ പോലീസ് റിമാൻഡിൽ തുടരും.
സംഭവത്തിന് പിന്നാലെ ചൊവ്വാഴ്ച ആയിരക്കണക്കിന് പ്രതിഷേധക്കാർ ട്രെയിനുകൾ തടയുകയും പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സ്കൂളിലേക്ക് ഇരച്ചുകയറുകയും ചെയ്തതിനെ തുടർന്ന് നഗരം സ്തംഭിച്ചിരുന്നു.
സംഭവത്തെ തുടർന്ന് എല്ലാ സ്കൂളുകളോടും ഒരു മാസത്തിനകം സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ നിർദേശം നൽകി. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം, എന്തെങ്കിലും സംഭവങ്ങൾ കാമറകളിൽ പതിഞ്ഞാൽ പോലീസിനെ ബന്ധപ്പെടേണ്ടത് പ്രിൻസിപ്പലിന്റെ ഉത്തരവാദിത്തമാണെന്നും ഉത്തരവിൽ പറയുന്നു.
ലോക്കൽ പോലീസ് സ്റ്റേഷന്റെ സഹായത്തോടെ എല്ലാ ജീവനക്കാരുടെയും പശ്ചാത്തലം വിശദമായി പരിശോധിക്കാൻ സ്കൂൾ മാനേജ്മെന്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ, വനിതാ അറ്റൻഡർ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കേസ് അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയതിന് മുതിർന്ന പോലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.