മീൻ നൽകാത്തതിൽ വിരോധം; മുനമ്പത്ത് മത്സ്യക്കച്ചവടക്കാരനെ വീട്ടിലെത്തി കുത്തിക്കൊന്നു
Friday, August 23, 2024 12:11 PM IST
വൈപ്പിൻ: മീൻ നൽകാത്ത വിരോധം മൂലം മത്സ്യക്കച്ചവടക്കാരനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി. മുനമ്പം മിനി ഫിഷിംഗ് ഹാർബറിലെ മത്സ്യ കച്ചവടക്കാരനായ മുനമ്പം കടുങ്ങി വീട്ടിൽ ജനാർദ്ദനന്റെ മകൻ ബാബു (57) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുനമ്പം സ്വദേശി പ്രവീൺ എന്നയാളെ നാട്ടുകാർ പിടികൂടി മുനമ്പം പോലീസിൽ എൽപ്പിച്ചു.
ഇന്ന് രാവിലെ 9.45 നാണ് സംഭവം. ഹാർബറിൽ നിത്യവുമെത്തി ബോട്ടുകളിൽനിന്നും മറ്റും കറിക്ക് എന്ന പേരിൽ മീൻ വാരിയെടുക്കുന്ന പ്രതി ഇന്ന് രാവിലെയും മിനി ഹാർബറിൽ മീൻ വാരിയെടുക്കാൻ എത്തിയിരുന്നത്രേ. ഇതിനിടെ ബാബു വാങ്ങിയിട്ടിരുന്ന മീൻകൂട്ടത്തിൽനിന്നു പ്രതി മീൻ എടുക്കാൻ തുനിഞ്ഞത് ബാബു തടയുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു.
തുടർന്ന് കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോയ ബാബുവിന്റെ വീട്ടിലെത്തി പ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വീടിനകത്ത് നിന്നിരുന്ന ബാബുവിന്റെ കഴുത്തിനു കുത്തുകയുമായിരുന്നുവെന്നു പറയുന്നു.
വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയവർ ബാബുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മൃതദേഹം പറവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി.