ഡ്യൂറന്റ് കപ്പ്: ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സിന് അടിതെറ്റി; ബംഗളൂരു സെമിയിൽ
Friday, August 23, 2024 10:50 PM IST
കോൽക്കത്ത: ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിനു തകർത്ത് ബംഗളൂരു എഫ്സി സെമിയിൽ. ഇഞ്ചുറി ടൈമില്‍ ഹോര്‍ഹെ പെരേര ഡയസിന്റെ ഗോളാണ് ബംഗളൂരുവിനെ സെമിയിലെത്തിച്ചത്. 95-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം കൂടിയായ പേരേര ഡയസ് വലകുലുക്കിയത്.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സോം കുമാർ പരിക്കേറ്റ് ഗ്രൗണ്ടിൽ നിന്നു മടങ്ങി. യുവ ഗോൾ കീപ്പർ സച്ചിൻ സുരേഷാണ് പിന്നീടു വല കാത്തത്. പെരേരെ ഡയസിന്റെ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെയാണ് സോം കുമാറിന് പരുക്കേറ്റത്.
ആദ്യ പകുതിയില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ ഇരു ടീമുകളും പലവട്ടം ഗോളിന് അടുത്തെത്തിയെങ്കിലും ഗോൾമാത്രം പിറന്നില്ല. 26-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളിന് അടുത്തെത്തിയെങ്കിലും നോഹ വാലി സഡൗയിയുടെ ഷോട്ട് ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു രക്ഷപ്പെടുത്തി.
മത്സരം ഷൂട്ടൗട്ടിലേക്കു പോകുമെന്നു കരുതിയിരിക്കെ 95-ാം മിനിറ്റിൽ ഹോർഹെ പെരേര ഡയസ് ബംഗളൂരുവിനെ മുന്നിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ റഫറി വിസിൽ മുഴക്കിയതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ നിരാശയോടെ ഗ്രൗണ്ട് വിട്ടു.
27ന് നടക്കുന്ന സെമി ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് ബംഗളൂരുവിന്റെ എതിരാളികൾ.