ത്രിപുരയിലെ വെള്ളപ്പൊക്കം;15,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി മാണിക് സാഹ
Sunday, August 25, 2024 12:18 AM IST
അഗർത്തല: ത്രിപുരയിലെ വെള്ളപ്പൊക്കത്തിൽ 15,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും ദുരന്തം, അടിസ്ഥാന സൗകര്യങ്ങളേയും കൃഷിയേയും മറ്റ് വസ്തുവകകളേയും ബാധിച്ചതായും ത്രിപുര മുഖ്യമന്ത്രി മണിക് സാഹ.
വെള്ളപ്പൊക്കത്തിൽ ഇതുവരെ 24 പേർ മരിച്ചു. 557 ദുരിതാശ്വാസ ക്യാമ്പുകളിൽ 1.28 ലക്ഷം പേർ അഭയം പ്രാപിച്ചതായി അധികൃതർ അറിയിച്ചു. പ്രളയത്തെ തുടർന്ന് 2,588 ഉരുൾപൊട്ടലുകളുണ്ടായെന്നും 1,603 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതായും മുഖ്യമന്ത്രി പറഞ്ഞു. സർവകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഈ നിർണായക സമയത്ത് ഒരുമിച്ച് പ്രവർത്തിക്കാൻ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പ്രതിജ്ഞാബദ്ധരായതിനാൽ സർവകക്ഷി യോഗം ഫലപ്രദമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാശനഷ്ടം വിലയിരുത്താനും അധിക സഹായം തേടാനും സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർഥിക്കണമെന്ന് പാർട്ടികൾ നിർദ്ദേശിച്ചു. ദുരിതബാധിതർക്കുള്ള ധനസഹായം വർധിപ്പിക്കാനും അവർ ശിപാർശ ചെയ്തു.
പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപ വീതവും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പുനരുദ്ധാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജിതമായി നടക്കുന്നുണ്ടെന്നും വിലക്കയറ്റം തടയാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി സുശാന്ത ചൗധരിക്ക് നിർദ്ദേശം നൽകിയെന്നും മാണികാ സാഹ അറിയിച്ചു.
വെല്ലുവിളി നിറഞ്ഞ സമയത്തെ പ്രതിപക്ഷ പാർട്ടികളുടെ സഹകരണ സമീപനത്തെ മാണിക് സാഹ പ്രശംസിച്ചു.