ജമ്മുകാഷ്മീരിൽ ആർട്ടിക്കിൾ 370 ഒരിക്കലും പുനഃസ്ഥാപിക്കില്ല: കേന്ദ്രമന്ത്രി അമിത് ഷാ
Sunday, August 25, 2024 12:27 AM IST
റായ്പൂർ: ജമ്മുകാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370-ാം ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
നാഷണൽ കോൺഫറൻസും പിഡിപിയും ജമ്മുകാഷ്മീരിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു. ഇതേതുടർന്നാണ് അമിത് ഷാ വിശദീകരണം നൽകിയത്.
ആർട്ടിക്കിൾ 370 ന് ഇപ്പോഴും ഒരിക്കലും ജമ്മുകാഷ്മീരിൽ സ്ഥാനമില്ല. അത് ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് റായ്പുരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു. നക്സൽ ബാധിത സംസ്ഥാനങ്ങളിലെ ഉന്നത സിവിൽ, സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കലും ജമ്മുകാഷ്മീരിന്റെ സംസ്ഥാന പദവിയും 2000-ൽ മുൻ നിയമസഭ പാസാക്കിയ സ്വയംഭരണ പ്രമേയം നടപ്പാക്കലും നാഷണൽ കോൺഫറൻസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ്.
2000 ജൂണിൽ, ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസ് സർക്കാർ ജമ്മുകാഷ്മീർ നിയമസഭയിൽ 1953-ന് മുമ്പുള്ള ഭരണഘടനാ സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. എന്നാൽ, അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ ഇത് തള്ളിക്കളയുകയായിരുന്നു.