നാട്ടിലെ നാണക്കേട്! റാവൽപിണ്ടിയിൽ പാക്കിസ്ഥാനെ പത്തുവിക്കറ്റിന് തകർത്ത് ബംഗ്ലാദേശ്
Sunday, August 25, 2024 4:22 PM IST
റാവൽപിണ്ടി: പാക്കിസ്ഥാനെ സ്വന്തം നാട്ടിൽ നാണംകെടുത്തി ബംഗ്ലാ കടുവകൾ. റാവൽപിണ്ടി ടെസ്റ്റിൽ പത്തുവിക്കറ്റിനാണ് ബംഗ്ലാദേശ് വിജയം ആഘോഷിച്ചത്. ഇതോടെ പാക്കിസ്ഥാനെ അവരുടെ മണ്ണിൽ ടെസ്റ്റിൽ 10 വിക്കറ്റിനു തോല്പിക്കുന്ന ആദ്യ ടീമായി ബംഗ്ലാദേശ്.
ഒന്നിന് 23 റൺസെന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാൻ വെറും 146 റൺസിന് പുറത്തായി. ഇതോടെ പത്ത് വിക്കറ്റ് കൈയിലിരിക്കേ ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത് വെറും 30 റൺസ്. 6.3 ഓവറിൽ സന്ദർശകർ വിജയത്തിലെത്തി.
ബംഗ്ലാദേശിന്റെ മാസ്മരിക ബൗളിംഗ് കണ്ട മത്സരത്തിൽ 51 റൺസെടുത്ത മുഹമ്മദ് റിസ്വാന്റെ പോരാട്ടമാണ് പാക്കിസ്ഥാനെ ഇന്നിംഗ്സ് പരാജയത്തിൽനിന്നു രക്ഷിച്ചത്. അബ്ദുള്ള ഷഫീഖ് 37 റൺസും ബാബർ അസം 22 റൺസും ഷാൻ മസൂദ് 14 റൺസുമെടുത്തു. പാക് നിരയിൽ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
വെറും 21 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ മെഹിദി ഹസൻ മിറാസും മൂന്നുവിക്കറ്റെടുത്ത ഷക്കിബ് അൽ ഹസനുമാണ് പാക് ബാറ്റിംഗ് നിരയെ തകർത്തത്. പിന്നാലെ കുഞ്ഞൻ വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശിനെ ഓപ്പണർമാരായ സാക്കിർ ഹസൻ (15), ശദ്മാൻ ഇസ്ലാം (ഒമ്പത്) എന്നിവർ ചേർന്ന് അനായാസം വിജയത്തിലെത്തിച്ചു.
നേരത്തെ, പാക്കിസ്ഥാന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 448 റൺസിനെതിരേ ബംഗ്ലാദേശ് അവരുടെ ഒന്നാം ഇന്നിംഗ്സ് 565 റൺസിൽ അവസാനിപ്പിച്ചിരുന്നു. 191 റൺസെടുത്ത മുഷ്ഫിഖുർ റഹീമാണ് ടോപ് സ്കോറർ. ശദ്മാൻ ഇസ്ലാം (93), മെഹ്ദി ഹസൻ മിറാസ് (77), മൊമിനുൾ ഹഖ് (50), ലിറ്റൺ ദാസ് (56) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.