കേരളത്തിൽ സ്ത്രീ സുരക്ഷ അവതാളത്തിൽ; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് സുരേന്ദ്രൻ
Monday, August 26, 2024 2:34 AM IST
തിരുവനന്തപുരം: കേരളത്തിൽ സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് വെറും കടലാസ് റിപ്പോർട്ടാണെങ്കിൽ മുഖ്യമന്ത്രി അത് ജനങ്ങളോട് തുറന്നു പറയണമെന്ന് അദ്ദേഹം വ്യക്തമാക്കി.
സർക്കാർ പറയുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് കൊണ്ട് മാത്രം കാര്യമില്ല ബുദ്ധിമുട്ട് അനുഭവിച്ചവരെല്ലാം പോലീസിൽ പരാതി നൽകണമെന്നാണ്. വിചിത്രമായ വാദമാണിതെന്ന് സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ സ്ത്രീ സുരക്ഷ സമ്പൂർണമായി ചോദ്യം ചെയ്യപ്പെടുകയാണ്. സർക്കാർ തന്നെ വേട്ടക്കാർക്ക് ഒപ്പം നിൽക്കുകയാണ്. സർക്കാറിന് താൽപര്യമുള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ബംഗാളിലെ സിപിഎം സഹയാത്രികയായ നടി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിട്ടും സിപിഎമ്മിന്റെ ഏറ്റവും ഉയർന്ന വനിതാ നേതാവായ വൃന്ദ കാരാട്ട് പോലും എത്ര ലാഘവത്തോടെയാണ് സംസാരിക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു.