ചമ്പായി സോറൻ ബിജെപിയിലേക്ക്; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
Tuesday, August 27, 2024 4:31 AM IST
ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചമ്പായി സോറൻ വെള്ളിയാഴ്ച ബിജെപിയിൽ അംഗത്വം സ്വീകരിക്കും. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്. ചമ്പായി സോറൻ അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞയാഴ്ച, ജയിൽ മോചിതനായ ഹേമന്ത് സോറന് വേണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന ചമ്പായി സോറൻ, പാർട്ടി നേതൃത്വം തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചു. കുറച്ചുകൂടി സമയമുണ്ടായിരുന്നെങ്കിൽ സംസ്ഥാനത്തിന്റെ വികസനത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യുമായിരുന്നുവെന്ന് രാജിവെച്ച് ദിവസങ്ങൾക്ക് ശേഷം സോറൻ പറഞ്ഞു.
താൻ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നും ഒരു പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാനുള്ള അവസരം തന്റെ മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 1990 കളിൽ ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള പോരാട്ടത്തിൽ അദ്ദേഹം നൽകിയ നിർണായക സംഭാവനയ്ക്ക് പാർട്ടി പ്രവർത്തകർക്കിടയിൽ "ജാർഖണ്ഡ് കടുവ' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
ഫെബ്രുവരി രണ്ടിന് ജാർഖണ്ഡിന്റെ 12-ാമത് മുഖ്യമന്ത്രിയായി ചമ്പൈ സോറൻ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജൂലൈ മൂന്നിന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു.