മുൻ ഭാര്യയുടെ കാമുകനെ കൊന്നു; യുവാവ് അറസ്റ്റിൽ
Thursday, August 29, 2024 4:35 AM IST
ബംഗുളൂരു: മുൻ ഭാര്യയുടെ കാമുകനായ യുവാവിനെ വെട്ടിക്കൊന്നയാൾ അറസ്റ്റിൽ. ബംഗുളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വിമാനത്താവളത്തിൽ ട്രോളി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്നയാളാണ് കൊല്ലപ്പെട്ടത്. 2022ൽ മരിച്ചയാളുമായുള്ള അവിഹിത ബന്ധത്തെ തുടർന്ന് പ്രതി ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയിരുന്നു.
ഇതിനു പിന്നാലെ നിരവധി പ്രാവശ്യം യുവാവിനെ കൊലപ്പെടുത്താൻ പ്രതി ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ആയുധം ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് പ്രതി ബസിൽ വിമാനത്താവളത്തിലേക്ക് പോയത്.
തുടർന്ന് ഏറെനേരം യുവാവിനായി കാത്തു നിന്നു. ഇയാളെ കണ്ടതും പ്രതി കൊലപാതകം ചെയ്യുകയായിരുന്നു. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.